ബിസ്മില്ലാഹിറഹ്മാനിറഹീം സൂര്യന്‍ ജ്വലിച്ച് നില്‍ക്കുന്നതും ചന്ദ്രന്‍ പ്രകാശം പൊഴിക്കുന്നതും കാറ്റടിക്കുന്നതും മഴ പെയ്യുന്നതും മനുഷ്യനുള്‍പ്പെടുന്ന ഈ ഭൂമിയില്‍ ചൂടും തണുപ്പും മാറി മാറി വരുന്നതും ജലകണങ്ങളുടെയും മഞ്ഞു തുള്ളികളുടെയും വായുവിണ്റ്റെയും തുടങ്ങി ഈ ഭൂമുഖത്തെ സകലതിണ്റ്റെയും പ്രധാന പ്രയോക്താവ് മനുഷ്യന്‍ തന്നെയാകുന്നു. ഇവയൊക്കെ മനുഷ്യന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ന്യായമായും പറയാവുന്നതാണ്. എന്നാല്‍ നമ്മെ ദൈവം സൃഷ്ടിച്ചത് അവന് വേണ്ടി മാത്രമാകുന്നു. അപ്പോള്‍ സകല സൃഷ്ടി ജാലങ്ങളും മനുഷ്യ ഗുണത്തിന് വേണ്ടി പ്രയത്നിക്കുമ്പോള്‍ നാം ആര്‍ക്ക് വേണ്ടിയാണ് പരിശ്രമം ചെയ്യേണ്ടത്? മൃഗങ്ങളും പക്ഷികളും അവയുടെ വാസ സ്ഥലങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്നു, വിശക്കുമ്പോള്‍ ഭക്ഷണം തേടുന്നു, കഴിക്കുന്നു. ലൈംഗികാസക്തി വരുമ്പോള്‍ അവ ശമിപ്പിക്കാനുള്ള വഴി തേടുന്നു, പ്രജനനം നടത്തുന്നു. തികച്ചും ജൈവികമായ ഒരു അവസ്ഥാ വിശേഷം! അവയുടെ സൃഷ്ടിപ്പിണ്റ്റെ പ്രകൃതം അങ്ങിനെയാണ്. ചിന്തയൊ പുരോഗതിയെക്കുറിച്ചുള്ള ആലോചനയോ അവയെ നിയന്ത്രിക്കുന്നില്ല. അലോസരപ്പെടുത്തുന്നുമില്ല. പക്ഷെ, നമ്മള്‍ അങ്ങിനെ അല്ല. നമ്മള്‍ മനുഷ്യരാകുന്നു. നമുക്ക് നമ്മുടെ ജീവിതം അനുദിനം മാറ്റിപ്പടുക്കേണ്ടതുണ്ട്. ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് പുരോഗതി പ്രാപിക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ എന്ത് ചെയ്യണം, എങ്ങിനെ ചെയ്യണം തുടങ്ങിയ വിവിധ കാര്യങ്ങളെക്കുറിച്ച് സ്വാഭാവികമായും നാം ശ്രദ്ധാലുക്കളായിരിക്കണം. പക്ഷി മൃഗാദികള്‍ക്ക് ഒന്നിനോടും ഉത്തരവാദിത്വമില്ല. അവയ്ക്ക് വിശേഷബുദ്ധിയുണ്ടെന്ന് പറയുവാനും കഴിയില്ല. അതു കൊണ്ട് തന്നെ അവരുടെ ലോകത്ത് പുരോഗതിയും ഇല്ല. പക്ഷെ, നമുക്ക് ചിന്താശേഷിയും സവിശേഷമായ ബുദ്ധിശക്തിയുമുണ്ട്. അതു കൊണ്ട് മാത്രമാണ് മാനവകുലം ആര്‍ജ്ജിച്ചെടുത്ത സകല പുരോഗതിയും ഉണ്ടായിത്തീര്‍ന്നത്. നമ്മള്‍ മണിമാളികകള്‍ പണിയുന്നു. വിഹായസ്സിലൂടെ പറവകള്‍ പോലെ പറക്കുന്നു. ആഴിയിലൂടെ ഊളിയിടുന്നു. ലോഹങ്ങള്‍ ഉരുക്കി വാഹനങ്ങളും ആയുധങ്ങളും യന്ത്രങ്ങളും നിര്‍മ്മിക്കുന്നു. മനോഹരങ്ങളായ ആടയാഭരണങ്ങള്‍ പണിയുന്നു., അവ അണിയുന്നു. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പുരോഗതിയുടെ നവലോകം നാം തീര്‍ത്തു കൊണ്ടിരിക്കുന്നു. പക്ഷെ, ഇത് മാത്രമാണോ നമ്മുടെ സൃഷ്ടിപ്പിണ്റ്റെ ഉദ്ദേശ്യം? അല്ല എന്നതാണ് യഥാര്‍ത്ഥ്യം. നാം യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളുകയൊ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചെങ്കിലും നാം ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ വായു, ഓക്സിജന്‍, അതിണ്റ്റെ അളവ് 1% കൂടിപ്പോവുകയാണെങ്കില്‍ തല്‍ക്ഷണം നമ്മള്‍ കരിഞ്ഞു പോവുമായിരുന്നു. നമ്മുടെ ആന്തരാവയവങ്ങള്‍ വെന്തു പോവുമായിരുന്നു. ആരാണ് കൃത്യമായ അളവില്‍ ഇത് നല്‍കുകയും ഈ അളവ് കൃത്യതയോടെ ക്രമീകരിച്ച് വെച്ചിരിക്കുകയും ചെയ്തിരിക്കുന്നത്. ആരാണ് സൂര്യനെ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്. ഒരിഞ്ചിണ്റ്റെ വ്യതിയാനമില്ലാതെ ഇക്കാലമത്രയും സൂര്യനെ നിലക്ക് നിരല്‍ത്തിയിരിക്കുന്നതാരാണ്? അല്ലെങ്കില്‍ ഭൂമി സൂര്യനോട് അടക്കുകയാണെങ്കില്‍ ഭൂമി എന്നൊ കത്തിക്കരിഞ്ഞ് പോകുമായിരുന്നു. അതു പോലെ തന്നെ സൂര്യന്‍ ഭൂമിയുടെ നിശ്ചിത അകലത്തില്‍ നിന്നും ദൂരെ മാറിപ്പോവുകയൊ ഭൂമി സൂര്യനില്‍ നിന്ന് അകലുകയൊ ചെയ്താല്‍ ഭൂമി തണുത്തുറഞ്ഞ് പോവുകയും ചെയ്യും. ആരുടെ അധീനതയിലാണ് ഇവയൊക്കെയും നിലകൊള്ളുന്നത്? നാം ആലോചനയ്ക്ക് വിധേയമാക്കേണ്ടുന്ന വസ്തുതകളാണിവ. അതിന് വേണ്ടിയാണ് നമുക്ക് ബുദ്ധിശക്തി നല്‍കിയിരിക്കുന്നത്. നമ്മുടെ ചിന്തയെ നാം സ്വതന്ത്രമാക്കണം. നാം നമ്മെ പരിശോധിക്കണം, വിചിന്തനം നടത്തണം. നാം ആരാണെന്നും എന്തിന് വേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടതെന്നും തീര്‍ച്ചയായും പര്യാലോചന നടത്തേണ്ടിയിരിക്കുന്നു.
|
SOHBETS BY ശൈഖ് അബ്ദുല്‍കരീം എഫന്ദി (ഖ. സി)
CHOOSE SOHBET |